24 മണിക്കൂറിനിടെ 38,902 രോഗികള്‍; രാജ്യത്ത് കൊവിഡ് രോഗികളില്‍ വന്‍ വ‍ര്‍ദ്ധന
ദേശീയം

24 മണിക്കൂറിനിടെ 38,902 രോഗികള്‍; രാജ്യത്ത് കൊവിഡ് രോഗികളില്‍ വന്‍ വ‍ര്‍ദ്ധന

📍 Thenhipalam, Malappuram19 Jul 2020

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം റെക്കോഡില്‍. 24 മണിക്കൂറുകള്‍ക്കിടെ 38,902 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്. ഇതുവരെ 10,77,618 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 543 പേര്‍ കൂടി മരിച്ചതോടെ 26,816 പേര്‍ക്കാണ് രാജ്യത്ത് കൊവി‍ഡ് കാരണം ജീവന്‍ നഷ്ടപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 6,77,423 പേരാണ് രോഗമുക്തി നേടിയത്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ മൂന്ന് ലക്ഷം കടന്നു. മുംബൈയില്‍ മാത്രം ഒരു ലക്ഷം കൊവിഡ് കേസുകളായി. തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും തുടര്‍ച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ആന്ധ്രപ്രദേശിലും രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണുണ്ടായത്. മൂവായിരത്തി തൊള്ളായിരം കേസുകളാണ് 24 മണിക്കൂറിനിടയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. പശ്ചിമ ബംഗാളില്‍ പ്രതിദിന രോഗബാധ രണ്ടായിരം കടന്നു. രണ്ടായിരത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ബിഹാറിലും ഉത്തര്‍പ്രദേശിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. അതേസമയം ദില്ലിയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരത്തി അഞ്ഞൂറില്‍ താഴെയെത്തിയത് ആശ്വാസകരമാണ്. ബംഗളുരുവില്‍ കാര്യമായ രോഗലക്ഷണങ്ങളുള്ള കൊവിഡ് ബാധിതരെ മാത്രം കിടത്തി ചികിത്സിച്ചാല്‍ മതിയെന്ന് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലക്ഷണങ്ങളില്ലാതെയും നേരിയ രോഗലക്ഷണങ്ങളോടെ എത്തുന്നവരെയും കൊവിഡ് കെയര്‍ കേന്ദ്രങ്ങളിലേക്കയക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ തിരക്കേറുകയും ഗുരുതരലക്ഷണങ്ങളുള്ളവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. ലക്ഷണങ്ങളില്ലാത്തവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദേശം. രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലെ പ്രതിദിന വര്‍ദ്ധനയ്ക്ക് സമാനമാണ് ഇപ്പോള്‍ ഇന്ത്യയിലെ കണക്ക്.

HomeNews24 മണിക്കൂറിനിടെ 38,902 രോഗികള്‍; രാജ്യത്ത് കൊവിഡ് രോഗികളില്‍ വന്‍ വ‍ര്‍ദ്ധന